സ്വകാര്യതാ നയം

പ്രാബല്യത്തിൽ : ഓഗസ്റ്റ് 15, 2023

Snap Inc. ഒരു ടെക്നോളജി കമ്പനിയാണ്. ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും — Snapchat, Bitmoji, Spectacles, മറ്റ് ഭൗതിക ഘടകങ്ങൾ, പരസ്യം ചെയ്യൽ, വാണിജ്യം എന്നിവയും ഈ സ്വകാര്യതാ നയവുമായി ലിങ്ക് ചെയ്യുന്ന മറ്റുള്ളവയും — ഉള്ളുതുറക്കാനും കാലത്തിനൊപ്പം ജീവിക്കാനും ലോകത്തെക്കുറിച്ച് പഠിക്കാനും ഒരുമിച്ച് ആസ്വദിക്കാനും വേഗമേറിയതും രസകരവുമായ വ്യക്തിഗത വഴികൾ തുറന്നുനൽകുന്നു!

നിങ്ങൾ ഈ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഞങ്ങളുമായി ചില വിവരങ്ങൾ പങ്കിടും. അതുകൊണ്ട്, ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ, ഞങ്ങൾ അത് എങ്ങനെ ഉപയോഗിക്കുന്നു, അത് എങ്ങനെ പങ്കിടുന്നു, നിങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവയെല്ലാം മുൻകൂട്ടി അറിയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

ഉപയോക്താക്കൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിലും ബുദ്ധിമുട്ടുള്ള ഭാഷയും നിയമപരമായ വാചക ഘടനകളും ഒഴിവാക്കിക്കൊണ്ടും ഈ സ്വകാര്യതാ നയം എഴുതാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. പിന്നീട് എന്തെങ്കിലും അവലോകനം ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ സ്വകാര്യതാ കേന്ദ്രം പരിശോധിക്കാവുന്നതാണ്. ഞങ്ങളുടെ സ്വകാര്യതാ സമ്പ്രദായങ്ങളുടെ എളുപ്പത്തിൽ മനസ്സിലാക്കാനാവുന്ന സംഗ്രഹങ്ങൾ നൽകാനായാണ് ഞങ്ങൾ ഇത് രൂപകൽപ്പന ചെയ്‌തത്. ദാഹരണത്തിന്, ഞങ്ങളുടെ സ്വകാര്യതാ ഉപ ഉൽപ്പന്ന പേജ്, ഉൽപ്പന്നത്തെക്കുറിച്ചുള്ള നിർദ്ദിഷ്ട വിവരങ്ങളും നുറുങ്ങുകളും എളുപ്പ വഴികളും ഉപയോഗിച്ച് പേജുകളെ പിന്തുണയ്ക്കുന്നതിനുള്ള ലിങ്കുകളും നൽകുന്നു. ഇനിയും ചോദ്യങ്ങളുണ്ടോ? ഞങ്ങളെ സമീപിക്കുക.

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളുടെ മൂന്ന് അടിസ്ഥാന വിഭാഗങ്ങളുണ്ട്:

  • നിങ്ങൾ നൽകുന്ന വിവരങ്ങൾ.

  • നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ.

  • മൂന്നാം കക്ഷികളിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ.

ഈ വിഭാഗങ്ങളിൽ ഓരോന്നും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.

നിങ്ങൾ നൽകുന്ന വിവരങ്ങൾ

നിങ്ങൾ ഞങ്ങളുടെ സേവനങ്ങളുമായി ഇടപെടുമ്പോൾ, നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളിൽ പലതും നിങ്ങൾ ഒരു അക്കൗണ്ട് സജ്ജീകരിക്കണമെന്ന് ആവശ്യപ്പെടുന്നു, അതുകൊണ്ട് നിങ്ങളുടെ പേര്, ഉപയോക്തൃനാമം, പാസ്‌വേഡ്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ജനനത്തീയതി എന്നിവ പോലെയുള്ള നിങ്ങളെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ ഞങ്ങൾക്ക് ശേഖരിക്കേണ്ടതായി വന്നേക്കാം. ഞങ്ങളുടെ സേവനങ്ങളിൽ പൊതുവായി ദൃശ്യമാകുന്ന ഒരു പ്രൊഫൈൽ ചിത്രം അല്ലെങ്കിൽ Bitmoji അവതാർ പോലുള്ള ചില അധിക വിവരങ്ങൾ നൽകാനും ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ഷൂസ് പോലുള്ള എന്തെങ്കിലും വാങ്ങാൻ നിങ്ങൾ ഞങ്ങളുടെ വാണിജ്യ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് നമ്പറും അനുബന്ധ അക്കൗണ്ട് വിവരങ്ങളും പോലുള്ള നിങ്ങളുടെ പേയ്‌മെന്റ് വിവരങ്ങൾ ഞങ്ങൾ ആവശ്യപ്പെട്ടേക്കാം.

തീർച്ചയായും, സ്‌നാപ്പുകളും ചാറ്റുകളും, My AI-യുമായുള്ള സംഭാഷണങ്ങൾ, സ്‌പോട്ട്‌ലൈറ്റ് സമർപ്പിക്കലുകൾ, പൊതു പ്രൊഫൈൽ വിവരങ്ങൾ, മെമ്മറീസ് തുടങ്ങിയവ പോലുള്ള ഞങ്ങളുടെ സേവനങ്ങളിലൂടെ നിങ്ങൾ അയയ്‌ക്കുന്ന ഏത് വിവരവും നിങ്ങൾ ഞങ്ങൾക്ക് നൽകും. നിങ്ങളുടെ സ്നാപ്പുകൾ, ചാറ്റുകൾ, മറ്റേതെങ്കിലും ഉള്ളടക്കം എന്നിവ കാണുന്ന ഉപയോക്താക്കൾക്ക് എല്ലായ്പ്പോഴും ആ ഉള്ളടക്കം സംരക്ഷിക്കാനോ അപ്ലിക്കേഷന് പുറത്ത് കോപ്പി ചെയ്യാനോ കഴിയുമെന്ന കാര്യം ഓർമ്മിക്കുക. അതുകൊണ്ട് ഇന്റർനെറ്റിന് വലിയ തോതിൽ ബാധകമാകുന്ന അതേ സാമാന്യബുദ്ധി ഞങ്ങളുടെ സേവനങ്ങൾക്കും ബാധകമാണ്: മറ്റാരെങ്കിലും സംരക്ഷിക്കാനോ പങ്കിടാനോ നിങ്ങൾ ആഗ്രഹിക്കാത്ത സന്ദേശങ്ങൾ അയയ്ക്കുകയോ ഉള്ളടക്കം പങ്കിടുകയോ ചെയ്യരുത്.

നിങ്ങൾ പിന്തുണയിൽ ബന്ധപ്പെടുമ്പോൾ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ ഞങ്ങളുമായി ആശയവിനിമയം നടത്തുമ്പോൾ, നിങ്ങൾ സ്വയം നൽകുന്ന അല്ലെങ്കിൽ നിങ്ങളുടെ ചോദ്യം പരിഹരിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും.

നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ കരസ്ഥമാക്കുന്ന വിവരങ്ങൾ

നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഉപയോഗിച്ച സേവനങ്ങളെക്കുറിച്ചും അവ എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ചും ഞങ്ങൾ വിവരങ്ങൾ ശേഖരിക്കും. ഉദാഹരണത്തിന്, നിങ്ങൾ ഒരു പ്രത്യേക സ്റ്റോറി കണ്ടത്, സ്‌പോട്ട്‌ലൈറ്റിൽ പൂച്ചകളുടെ വീഡിയോകൾ കണ്ടത്, ഒരു നിശ്ചിത സമയത്തേക്ക് ഒരു നിർദ്ദിഷ്ട പരസ്യം കണ്ടത്, സ്‌നാപ്പ് മാപ്പ് പര്യവേക്ഷണം ചെയ്തത്, കുറച്ച് സ്‌നാപ്പുകൾ അയച്ചത് എന്നിവയൊക്കെ ഞങ്ങൾക്കറിയാം. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളുടെ പൂർണ്ണമായ വിശദീകരണം ഇവിടെ പറയുന്നു:

  • ഉപയോഗ വിവരം. ഞങ്ങളുടെ സേവനങ്ങളിലൂടെ നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. ഉദാഹരണമായി, ഇനിപ്പറയുന്നവയെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചേക്കാം:

    • ഏതൊക്കെ ഫിൽട്ടറുകളോ ലെൻസുകളോ ആണ് നിങ്ങൾ കാണുന്നത് അല്ലെങ്കിൽ സ്നാപ്പിലേക്ക് പ്രയോഗിക്കുന്നത്, നിങ്ങൾ കാണുന്ന സ്റ്റോറികൾ ഏതൊക്കെയാണ്, നിങ്ങൾ Spectacles ഉപയോഗിക്കുന്നുണ്ടോ, My AI-യുമായുള്ള നിങ്ങളുടെ ഇടപഴകലുകൾ അല്ലെങ്കിൽ ഏത് തിരയൽ അന്വേഷണങ്ങളാണ് സമർപ്പിക്കുന്നത് എന്നിങ്ങനെയുള്ള ഞങ്ങളുടെ സേവനങ്ങളുമായി നിങ്ങൾ എങ്ങനെയാണ് ഇടപഴകുന്നത് തുടങ്ങിയവ.

    • നിങ്ങൾ ആശയവിനിമയം നടത്തുന്ന മറ്റ് സ്നാപ്പ്‌ചാറ്റർമാരുടെ പേരുകളും നിങ്ങൾ ആശയവിനിമയം നടത്തുന്ന സമയവും തീയതിയും, നിങ്ങളുടെ സുഹൃത്തുക്കളുമായി നിങ്ങൾ കൈമാറുന്ന സന്ദേശങ്ങളുടെ എണ്ണം, നിങ്ങൾ ഏറ്റവുമധികം സന്ദേശങ്ങൾ കൈമാറുന്ന സുഹൃത്തുക്കൾ, സന്ദേശങ്ങളിലെ നിങ്ങളുടെ ഇടപെടലുകൾ (ഒരു സന്ദേശം നിങ്ങൾ തുറക്കുന്നത് അല്ലെങ്കിൽ നിങ്ങൾ ഒരു സ്ക്രീൻഷോട്ട് പകർത്തുന്നത് എപ്പോഴാണ് പോലുള്ളവ) തുടങ്ങിയവ.

  • ഉള്ളടക്ക വിവരങ്ങൾ. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് ക്യാമറയുമായോ സർഗ്ഗാത്മക ഉപകരണങ്ങളുമായോ ഇടപഴകുകയും സ്റ്റോറികൾ, സ്‌നാപ്പുകൾ എന്നിവയും മറ്റും ഉൾപ്പെടെ വിവിധ തരം ഉള്ളടക്കങ്ങൾ സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യാം. ഞങ്ങളുടെ സേവനങ്ങളിൽ നിങ്ങൾ സൃഷ്‌ടിക്കുന്നതോ നൽകുന്നതോ ആയ ഉള്ളടക്കത്തെക്കുറിച്ചും ക്യാമറയുമായും സർഗ്ഗാത്മക ഉപകരണങ്ങളുമായുമുള്ള നിങ്ങളുടെ ഇടപഴകലിനെ കുറിച്ചുമുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു. ചില ഉള്ളടക്കത്തിന്, ചിത്രം, വീഡിയോ, ഓഡിയോ എന്നിവയുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം. ഉദാഹരണത്തിന്, നിങ്ങൾ ബാസ്‌ക്കറ്റ്‌ബോൾ കളിക്കുന്നതിന്റെ ഒരു സ്‌പോട്ട്‌ലൈറ്റ് സ്‌നാപ്പ് പോസ്റ്റ് ചെയ്യുകയാണെങ്കിൽ, ബാസ്‌ക്കറ്റ്‌ബോളിനെക്കുറിച്ചുള്ള മറ്റ് സ്‌പോട്ട്‌ലൈറ്റ് സ്‌നാപ്പുകൾ ഞങ്ങൾ നിങ്ങളെ കാണിച്ചേക്കാം. മെറ്റാഡാറ്റ ഉൾപ്പെടെയുള്ള ഉള്ളടക്കത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും ഞങ്ങൾ ശേഖരിച്ചേക്കാം - പോസ്‌റ്റ് ചെയ്‌ത തീയതിയും സമയവും ആരൊക്കെയാണ് കണ്ടത് എന്നതുപോലുള്ള ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ.

  • ഉപകരണ വിവരങ്ങൾ. നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്നും അതിനെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കും. ഉദാഹരണത്തിന്, ഞങ്ങൾ ഇവ ശേഖരിച്ചേക്കാം:

    • ഹാർഡ് വെയർ മോഡൽ, ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പ്, ഉപകരണത്തിന്റെ മെമ്മറി, പരസ്യ ഐഡന്റിഫയറുകൾ, യുണീക്ക് ആപ്ലിക്കേഷൻ ഐഡന്റിഫയറുകൾ, ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനുകൾ, അതുല്യമായ ഉപകരണ ഐഡന്റിഫയറുകൾ, ഉപകരണ ഉപയോഗ ഡാറ്റ, ബ്രൗസർ തരം, ഇൻസ്റ്റാൾ ചെയ്ത കീബോർഡുകൾ, ഭാഷ, ബാറ്ററി നില, സമയ മേഖല എന്നിവ പോലുള്ള നിങ്ങളുടെ ഹാർഡ് വെയറിനെയും സോഫ്റ്റ് വെയറിനെയും കുറിച്ചുള്ള വിവരങ്ങൾ;

    • ആക്‌സിലെറോമീറ്ററുകൾ, ജിറോസ്കോപ്പുകൾ, കോമ്പസുകൾ, മൈക്രോഫോണുകൾ പോലുള്ള ഉപകരണ സെൻസറുകളിൽ നിന്നുള്ള വിവരങ്ങളും ഹെഡ്‌ഫോണുകൾ കണക്റ്റ് ചെയ്തിട്ടുണ്ടോയെന്ന വിവരം; കൂടാതെ

    • മൊബൈൽ ഫോൺ നമ്പർ, സേവന ദാതാവ്, IP വിലാസം, സിഗ്നൽ ശേഷി പോലുള്ള നിങ്ങളുടെ വയർലെസ്, മൊബൈൽ നെറ്റ്‌വർക്ക് കണക്ഷനുകൾ സംബന്ധിച്ച വിവരങ്ങൾ.

  • ഉപകരണ ഫോൺബുക്ക്. ഞങ്ങളുടെ സേവനങ്ങളെല്ലാം സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതിനെക്കുറിച്ചായതിനാൽ, നിങ്ങളുടെ കോൺടാക്‌റ്റുകളും അനുബന്ധ വിവരങ്ങളും പോലുള്ള നിങ്ങളുടെ ഉപകരണത്തിന്റെ ഫോൺബുക്കിൽ നിന്ന് നിങ്ങളുടെ അനുമതിയോടെ ഞങ്ങൾ വിവരങ്ങൾ ശേഖരിച്ചേക്കാം.

  • ക്യാമറ, ഫോട്ടോകള്‍, ഓഡിയോ. ഞങ്ങളുടെ പല സേവനങ്ങളും നിങ്ങളുടെ ഉപകരണത്തിന്റെ ക്യാമറ, ഫോട്ടോകൾ, മൈക്രോഫോൺ എന്നിവയിൽ നിന്ന് ചിത്രങ്ങളും മറ്റ് വിവരങ്ങളും ശേഖരിക്കാൻ ആവശ്യപ്പെടുന്നു. ഉദാഹരണത്തിന്, ഞങ്ങൾക്ക് നിങ്ങളുടെ ക്യാമറയോ ഫോട്ടോകളോ ആക്സസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് സ്നാപ്പുകൾ അയയ്ക്കാനോ ക്യാമറ റോളിൽ നിന്ന് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനോ കഴിയില്ല.

  • ലൊക്കേഷൻ വിവരങ്ങൾ. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും. നിങ്ങളുടെ അനുമതിയോടെ, GPS സിഗ്നലുകൾ പോലുള്ള രീതികൾ ഉൾപ്പെടുന്ന നിങ്ങളുടെ കൃത്യമായ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിച്ചേക്കാം.

  • കുക്കികളും/സാങ്കേതികവിദ്യകളും ശേഖരിക്കുന്ന വിവരങ്ങൾ. മിക്ക ഓൺലൈൻ സേവനങ്ങളെയും മൊബൈൽ ആപ്ലിക്കേഷനുകളെയും പോലെ, നിങ്ങളുടെ പ്രവർത്തനം, ബ്രൗസർ, ഉപകരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് വെബ് ബീക്കണുകൾ, വെബ് സംഭരണം, സവിശേഷമായ പരസ്യ ഐഡന്റിഫയറുകൾ എന്നിവ പോലുള്ള കുക്കികളും മറ്റ് സാങ്കേതികവിദ്യകളും ഞങ്ങൾ ഉപയോഗിച്ചേക്കാം. പരസ്യം, വാണിജ്യ സവിശേഷതകൾ പോലുള്ള സേവനങ്ങൾ വഴി, ഞങ്ങളുടെ പങ്കാളികളിൽ ഒന്നു വഴി നിങ്ങൾ സംവദിക്കുമ്പോൾ വിവരങ്ങൾ ശേഖരിക്കുന്നതിന് ഞങ്ങൾ ഈ സാങ്കേതികവിദ്യകൾ ഉപയോഗിച്ചേക്കാം. ഉദാഹരണമായി, കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ കാണിക്കുന്നതിന് ഞങ്ങൾ മറ്റ് വെബ്‌സൈറ്റുകളിൽ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചേക്കാം. മിക്ക വെബ് ബ്രൗസറുകളും ഡിഫോൾട്ടായി കുക്കികൾ സ്വീകരിക്കാൻ സജ്ജമാക്കിയിരിക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, സാധാരണയായി നിങ്ങളുടെ ബ്രൗസറിലോ ഉപകരണത്തിലോ ഉള്ള ക്രമീകരണങ്ങളിലൂടെ ബ്രൗസർ കുക്കികൾ നീക്കംചെയ്യാനോ നിരസിക്കാനോ കഴിയും. എന്നിരുന്നാലും, കുക്കികൾ നീക്കംചെയ്യുകയോ നിരസിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ സേവനങ്ങളുടെ ലഭ്യതയെയും പ്രവർത്തനത്തെയും ബാധിക്കുമെന്ന കാര്യം ഓർമ്മിക്കുക. ഞങ്ങളും ഞങ്ങളുടെ പങ്കാളികളും ഞങ്ങളുടെ സേവനങ്ങളിലും നിങ്ങളുടെ തിരഞ്ഞെടുപ്പുകളിലും കുക്കികൾ ഉപയോഗിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ കുക്കി നയം പരിശോധിക്കുക.

  • ലോഗ് വിവരങ്ങൾ. ഞങ്ങളുടെ ഇനിപ്പറയുന്നത് പോലുള്ള വെബ്സൈറ്റ് ഉപയോഗിക്കുമ്പോൾ ഞങ്ങൾ ലോഗ് വിവരങ്ങളും ശേഖരിക്കും:

    • ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്ന രീതി സംബന്ധിച്ച വിശദാംശങ്ങൾ;

    • നിങ്ങളുടെ വെബ് ബ്രൗസർ തരവും ഭാഷയും പോലുള്ള ഉപകരണ വിവരങ്ങൾ.

    • ആക്‌സസ് സമയങ്ങൾ;

    • കണ്ട പേജുകൾ;

    • IP വിലാസം;

    • നിങ്ങളുടെ ഉപകരണത്തെയോ ബ്രൗസറിനെയോ തനതായി തിരിച്ചറിഞ്ഞേക്കാവുന്ന കുക്കിക്കളുമായോ മറ്റ് സാങ്കേതികവിദ്യകളുമായോ ബന്ധപ്പെട്ട ഐഡന്റിഫയറുകൾ; കൂടാതെ

    • ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് നാവിഗേറ്റ് ചെയ്യുന്നതിന് മുമ്പോ ശേഷമോ സന്ദർശിച്ച പേജുകൾ.

  • നിങ്ങളുടെ അനുമതിയുള്ള മറ്റ് വിവരങ്ങൾ. ഞങ്ങളുടെ സേവനങ്ങളുമായി നിങ്ങൾ ഇടപഴകുമ്പോൾ, കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങൾ നിങ്ങളുടെ അനുമതി ചോദിക്കുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, നിങ്ങൾ ഞങ്ങളുടെ മെയ്ഡ് ഫോർ മി പാനലിൽപങ്കെടുക്കാനോ ചില ഡാറ്റ സെൻസിറ്റീവ് ആയി കണക്കാക്കുന്ന ഒരു അധികാരപരിധിയിൽ ജീവിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ നിങ്ങളുടെ അനുമതി ചോദിക്കുകയും, ഞങ്ങൾ ശേഖരിക്കുന്നതിൽ സെൻസിറ്റീവ് ഡാറ്റ എന്തെങ്കിലും ഉണ്ടെങ്കിൽ അതെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും.

മൂന്നാം കക്ഷികളിൽ നിന്ന് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ

മറ്റ് ഉപയോക്താക്കൾ, ഞങ്ങളുടെ അഫിലിയേറ്റുകൾ, മൂന്നാം കക്ഷികൾ‌ എന്നിവരിൽ നിന്ന് ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചേക്കാം. ഏതാനും ഉദാഹരണങ്ങൾ ഇതാ:

  • നിങ്ങൾ മറ്റൊരു സേവനത്തിലേക്ക് (Bitmoji അല്ലെങ്കിൽ മൂന്നാം കക്ഷി ആപ്പ് പോലുള്ളത്) Snapchat അക്കൗണ്ട് ലിങ്ക് ചെയ്യുകയാണെങ്കിൽ, ആ സേവനം നിങ്ങൾ ഉപയോഗിക്കുന്ന രീതി പോലുള്ള വിവരങ്ങൾ ഇതര സേവനത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചേക്കാം.

  • പരസ്യദാതാക്കൾ, ആപ്പ് ഡെവലപ്പർമാർ, പ്രസാധകർ, മറ്റ് മൂന്നാം കക്ഷികൾ എന്നിവരിൽ നിന്ന് ഞങ്ങൾ വിവരങ്ങൾ നേടിയേക്കാം. പരസ്യങ്ങളുടെ പ്രകടനം ടാർഗെറ്റ് ചെയ്യാനോ അളക്കാനോ സഹായിക്കുന്നതിന് ഞങ്ങൾ മറ്റ് മാർഗ്ഗങ്ങൾക്കൊപ്പം ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം. ഞങ്ങളുടെ പിന്തുണാ കേന്ദ്രത്തിൽഇത്തരത്തിലുള്ള മൂന്നാം കക്ഷി ഡാറ്റയുടെ ഉപയോഗത്തെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാനാവും.

  • മറ്റൊരു ഉപയോക്താവ് അവരുടെ കോൺടാക്റ്റ് പട്ടിക അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ, നിങ്ങളെ സംബന്ധിച്ച് ശേഖരിച്ച മറ്റ് വിവരങ്ങളുമായി ആ ഉപയോക്താവിന്റെ കോൺടാക്റ്റ് ലിസ്റ്റിൽ നിന്നുള്ള വിവരങ്ങൾ ഞങ്ങൾ ഒന്നിച്ചാക്കിയേക്കാം.

  • നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ ഞങ്ങൾക്ക് നൽകുകയാണെങ്കിൽ, ആ വിവരങ്ങളും മൂന്നാം കക്ഷികളിൽ നിന്ന് ലഭിച്ച വിവരങ്ങളും മറ്റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങൾക്ക് നിങ്ങളുമായി ആശയവിനിമയം നടത്താൻ കഴിയുമോ എന്ന് നിർണ്ണയിക്കാനായി ഞങ്ങൾ ഉപയോഗിച്ചേക്കാം.

  • ഞങ്ങളുടെ സേവന നിബന്ധനകളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കാൻ സാധ്യതയുള്ളവരെ കുറിച്ച് വെബ്‌സൈറ്റ് പ്രസാധകർ, സോഷ്യൽ നെറ്റ്‌വർക്ക് ദാതാക്കൾ, നിയമപാലകർ എന്നിവരും മറ്റുള്ളവരും ഉൾപ്പെടെയുള്ള മൂന്നാം കക്ഷികളിൽ നിന്ന് ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചേക്കാം.

വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കും

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഞങ്ങൾ എന്തുചെയ്യും? വിശദമായ ഉത്തരത്തിന് വേണ്ടി ഇവിടേയ്ക്ക് പോവുക. ഹ്രസ്വമായ ഉത്തരം ഇതാണ്: ഞങ്ങൾ നിരന്തരം മെച്ചപ്പെടുത്തുന്ന അത്ഭുതകരമായ ഒരു കൂട്ടം ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾക്ക് നൽകുന്നു. ഞങ്ങൾ അത് ചെയ്യുന്ന വഴികൾ ഇവയാണ്:

  • ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും, പ്രവർത്തിപ്പിക്കുകയും, മെച്ചപ്പെടുത്തുകയും, ലഭ്യമാക്കുകയും, പരിപാലിക്കുകയും, പരിരക്ഷിക്കുകയും ചെയ്യുക.

  • നിങ്ങളുടെ ഉള്ളടക്കത്തിന്റെയും കൃത്യമായ ലൊക്കേഷൻ വിവരങ്ങളുടെയും ഉപയോഗം ഉൾപ്പെടെ ഞങ്ങളുടെ പരസ്യ സേവനങ്ങൾ, പരസ്യ ടാർഗെറ്റിംഗ്, പരസ്യത്തിന്റെ അളവെടുക്കൽ എന്നിവ നൽകുക, വ്യക്തിഗതമാക്കുക, മെച്ചപ്പെടുത്തുക (കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കാൻ നിങ്ങൾ ഞങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിൽ), രണ്ടും ഞങ്ങളുടെ സേവനങ്ങൾക്ക് അകത്തും പുറത്തും. ഇത് ചെയ്യുന്നതിനായി മൂന്നാം കക്ഷി ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങളുടെ ഉപകരണത്തിൽ ഞങ്ങൾ സംഭരിച്ചേക്കാം. കൂടുതൽ അറിയുക. ഞങ്ങളുടെ പരസ്യം ചെയ്യൽ രീതികളെയും നിങ്ങളുടെ തിരഞ്ഞെടുപ്പുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന നിങ്ങളുടെ വിവരങ്ങളുടെ മേലുള്ള നിയന്ത്രണം എന്ന വിഭാഗം കാണുക.

  • നിങ്ങളുടെ Snapchat അനുഭവത്തിന് പശ്ചാത്തലം ചേർക്കുക, ഉദാഹരണത്തിന്, നിങ്ങളുടെ ലൊക്കേഷൻ (നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ ശേഖരിക്കാൻ നിങ്ങൾ ഞങ്ങൾക്ക് ഉറപ്പായും അനുമതി നൽകിയിട്ടുണ്ടെങ്കിൽ) നിങ്ങളുടെ ഫോട്ടോയുടെയോ വീഡിയോയുടെയോ ഉള്ളടക്കം (ഉദാഹരണത്തിന്, നിങ്ങളുടെ ഫോട്ടോയിൽ ഒരു നായ ഉണ്ടെങ്കിൽ, അത് "നായ" എന്ന പദം ഉപയോഗിച്ച് മെമ്മറീസിൽ തിരയാവുന്നതാണ്).

  • മറ്റ് കാര്യങ്ങൾക്കൊപ്പം, സുഹൃത്തുക്കളെ നിർദ്ദേശിക്കുക, Snap മാപ്പിൽ ശുപാർശകൾ നൽകുക, പ്രൊഫൈൽ വിവരങ്ങൾ അല്ലെങ്കിൽ Cameos സ്റ്റിക്കറുകൾ, Snapchat, അഫിലിയേറ്റ്, മൂന്നാം കക്ഷി ആപ്പുകൾ, സേവനങ്ങൾ എന്നിവയിൽ പരസ്പരം കണ്ടെത്താൻ സ്നാപ്പ്ചാറ്റർമാരെ സഹായിക്കുക, നിങ്ങളുടെ ഉള്ളടക്കത്തെയോ പ്രവർത്തനത്തെയോ അടിസ്ഥാനമാക്കി നിങ്ങളുടെ താൽപ്പര്യങ്ങൾ ഊഹിച്ചെടുക്കുക എന്നിവയിലൂടെ ഞങ്ങളുടെ സേവനങ്ങൾ വ്യക്തിഗതമാക്കുക. പ്രവർത്തനം, അല്ലെങ്കിൽ പരസ്യങ്ങൾ ഉൾപ്പെടെ ഞങ്ങൾ കാണിക്കുന്ന ഉള്ളടക്കം ഇഷ്ടാനുസൃതമാക്കുക.

  • വ്യക്തിഗതമാക്കൽ, പരസ്യം ചെയ്യൽ, ഓഗ്മെന്റഡ് റിയാലിറ്റി, നിഷ്പക്ഷത, ഉൾപ്പെടൽ എന്നിവ സഹിതം ഞങ്ങളുടെ നടപടിക്രമങ്ങളും മെഷീൻ ലേണിംഗ് മോഡലുകളും വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, ദുരുപയോഗം അല്ലെങ്കിൽ മറ്റ് സേവന വ്യവസ്ഥകളുടെ ലംഘനങ്ങൾ തടയുക.

  • സ്നാപ്പ്ചാറ്ററെ കുറിച്ചും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന രീതികൾ ഉൾപ്പെടെ പൊതുവിലുള്ള ഉപഭോക്താവിന്റെ താൽപ്പര്യങ്ങളും പ്രവണതകളും നന്നായി മനസ്സിലാക്കുന്നതിന് ഗവേഷണം നടത്തുക.

  • സന്ദേശമയയ്‌ക്കാനുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുമായി ആശയവിനിമയം നടത്താൻ നിങ്ങൾ നൽകുന്ന വിവരങ്ങൾ ഉപയോഗിക്കുക.

  • ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സുരക്ഷയും സുരക്ഷിതത്വവും മെച്ചപ്പെടുത്തുക.

  • നിങ്ങളുടെ വ്യക്തിവിവരം പരിശോധിച്ചുറപ്പാക്കി വഞ്ചനാപരമോ, മറ്റ് അംഗീകൃതമല്ലാത്തതോ, അല്ലെങ്കിൽ നിയവിരുദ്ധമോ ആയ പ്രവർത്തനം തടയുക.

  • ഞങ്ങളുടെ സേവനങ്ങളും അവയുമൊത്തുള്ള നിങ്ങളുടെ അനുഭവവും മെച്ചപ്പെടുത്താനായി കുക്കികളിൽ നിന്നും മറ്റ് ടെക്‌നോളജിയിൽ നിന്നും ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കുക.

  • ഞങ്ങളുടെ സേവന നിബന്ധനകളും മറ്റ് ഉപയോഗ നയങ്ങളും ലംഘിക്കുന്ന പെരുമാറ്റം നടപ്പിലാക്കുക, അന്വേഷിക്കുക, റിപ്പോർട്ട് ചെയ്യുക, നിയമപാലകരിൽ നിന്നുള്ള അഭ്യർത്ഥനകളോട് പ്രതികരിക്കുക, നിയമപരമായ ആവശ്യകതകൾ പാലിക്കുക.

  • അനുവദനീയമായ ഇടങ്ങളിൽ ഇമെയിൽ, SMS അല്ലെങ്കിൽ മറ്റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ആശയവിനിമയങ്ങൾ നിങ്ങൾക്ക് അയയ്‌ക്കുന്നു. ഉദാഹരണത്തിന്, പിന്തുണാ അന്വേഷണങ്ങളോട് പ്രതികരിക്കുന്നതിനോ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, പ്രമോഷണൽ ഓഫറുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതിനോ ഞങ്ങൾ ഇമെയിൽ, SMS അല്ലെങ്കിൽ മറ്റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചേക്കാം.

  • ട്രെൻഡുകളും ഉപയോഗവും നിരീക്ഷിക്കുകയും വിശകലനം നടത്തുകയും ചെയ്യുക.

  • നിങ്ങൾ Apple-ന്റെ TrueDepth ക്യാമറയുള്ള ഒരു Apple ഉപകരണമാണ് ഉപയോഗിക്കുന്നതെങ്കിൽ, ലെൻസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ Apple-ന്റെ TrueDepth ക്യാമറയിൽ നിന്നുള്ള വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. ഈ വിവരങ്ങൾ ശരിയായ സമയത്ത് ഉപയോഗിക്കുന്നു — ഞങ്ങൾ ഈ വിവരങ്ങൾ ഞങ്ങളുടെ സെർവറുകളിൽ സ്റ്റോർ ചെയ്യുകയോ മൂന്നാം കക്ഷികളുമായി പങ്കിടുകയോ ചെയ്യുന്നില്ല.

വിവരങ്ങൾ എങ്ങനെ പങ്കുവെയ്ക്കാം

എന്തുകൊണ്ടാണ് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ പങ്കിടുന്നത്? മിക്കപ്പോഴും, നിങ്ങൾ അത് ഞങ്ങളോട് ആവശ്യപ്പെടുന്നത് കൊണ്ടാണ്. ചിലപ്പോൾ അത് ഞങ്ങൾക്ക് ആവശ്യമായതിനാൽ പങ്കിടും. നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ പങ്കിടുന്ന മാർഗ്ഗങ്ങൾ ഇനിപ്പറയുന്നവയാണ്:

  • മറ്റ് സ്‌നാപ്പ്ചാറ്റർമാർക്കൊപ്പം. ഇനിപ്പറയുന്ന വിവരങ്ങൾ മറ്റ് സ്നാപ്ചാറ്റർമാരുമായി ഞങ്ങൾ പങ്കുവെച്ചേക്കാം:

    • നിങ്ങളുടെ ഉപയോക്തൃനാമവും, പേരും, പിന്നെ Bitmoji-യും പോലുള്ള നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ.

    • നിങ്ങളുടെ Snapchat "സ്കോർ", നിങ്ങൾ സുഹൃത്തുക്കളായ സ്നാപ്പ്ചാറ്റര്‍മാരുടെ പേരുകൾ, Snapchat-ൽ നിങ്ങളുടെ സുഹൃത്തുക്കളുമായി നിങ്ങൾ എത്രത്തോളം അടുത്ത ബന്ധം പുലർത്തുന്നു, നിങ്ങൾ അടുത്ത കാലത്ത് Snapchat-ൽ സജീവമായിരുന്നോ, നിങ്ങളുടെ സമീപകാല ലൊക്കേഷൻ ചരിത്രം (Snap മാപ്പില്‍ നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ പങ്കിടാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ), ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധങ്ങൾ മനസ്സിലാക്കാൻ സ്നാപ്പ്ചാറ്റർമാരെ സഹായിക്കുന്ന മറ്റ് വിവരങ്ങൾ എന്നിവ പോലുള്ള ഞങ്ങളുടെ സേവനങ്ങളുമായി നിങ്ങൾ എങ്ങനെ ഇടപഴകി, നിങ്ങൾ ഇടപഴകിയ ഉള്ളടക്കം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ. ഉദാഹരണത്തിന്‌, നിങ്ങൾ‌ക്കറിയാവുന്ന ഒരാളിൽ‌ നിന്നാണോ ഒരു പുതിയ സൗഹൃദ അഭ്യർ‌ത്ഥനയെന്ന് വ്യക്തമല്ലാത്തതിനാൽ‌, നിങ്ങൾ‌ക്കും അഭ്യർ‌ത്ഥകനും പൊതുവായി Snapchat സുഹൃത്തുക്കൾ ഉണ്ടോ അല്ലങ്കിൽ ഒരേ പ്രദേശത്താണോ എന്ന് ഞങ്ങൾ‌ പങ്കുവെച്ചേക്കാം.

    • മികച്ച വ്യൂവിംഗ് ഫോർമാറ്റിൽ ചാറ്റുകൾ, സ്നാപ്പുകൾ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ സ്വീകരിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഓപ്പറേറ്റിംഗ് സിസ്റ്റവും ഉപകരണ തരവും പോലുള്ള നിങ്ങളുടെ ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ.

    • പങ്കിടാൻ നിങ്ങൾ ഞങ്ങളോട് നിർദ്ദേശിച്ചിരിക്കുന്ന ഏത് അധിക വിവരങ്ങളും. ഉദാഹരണമായി, നിങ്ങളുടെ Snapchat അക്കൗണ്ട് ഒരു മൂന്നാം കക്ഷി ആപ്പിലേക്ക് ബന്ധിപ്പിക്കുമ്പോഴും, കൂടാതെ Snapchat-ൽ നിന്ന് മൂന്നാം കക്ഷി ആപ്പിലേക്ക് വിവരമോ ഉള്ളടക്കമോ പങ്കിടുകയാണെങ്കിലും Snap നിങ്ങളുടെ വിവരങ്ങൾ പങ്കിടും.

    • പ്രവർത്തനക്ഷമമാക്കിയാൽ, Snap മാപ്പിൽ നിങ്ങളുടെ തിരഞ്ഞെടുത്ത സുഹൃത്തുക്കളുമായി നിങ്ങളുടെ തത്സമയ കൃത്യമായ ലൊക്കേഷൻ ഞങ്ങൾ പങ്കിടും (പക്ഷേ നിങ്ങൾ അത് പങ്കിടാൻ തിരഞ്ഞെടുത്ത കാലയളവിലേക്ക് മാത്രമാണ്).

    • നിങ്ങൾ പോസ്റ്റുചെയ്യുന്നതോ അയയ്‌ക്കുന്നതോ ആയ ഉള്ളടക്കം. നിങ്ങളുടെ ഉള്ളടക്കം എത്രത്തോളം വ്യാപകമായി പങ്കിടുന്നു എന്നത് നിങ്ങളുടെ വ്യക്തിഗത ക്രമീകരണത്തെയും നിങ്ങൾ ഉപയോഗിക്കുന്ന സേവന തരത്തെയും ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ തിരഞ്ഞെടുത്ത ഒരു ഒറ്റ സുഹൃത്തിന് ഒരു സ്നാപ്പ് അയച്ചേക്കാം, പക്ഷേ നിങ്ങളുടെ സ്റ്റോറി കാണാൻ നിങ്ങൾ അനുവദിക്കുന്ന ഏതൊരു സ്നാപ്പ്ചാറ്ററും നിങ്ങളുടെ സ്റ്റോറി സ്നാപ്പുകൾ കണ്ടേക്കാം.

  • എല്ലാ സ്‌നാപ്ചാറ്റർമാർക്കും, ഞങ്ങളുടെ ബിസിനസ്സ് പങ്കാളികൾക്കും പൊതുജനങ്ങൾക്കുമൊപ്പം. ഇനിപ്പറയുന്ന വിവരങ്ങൾ എല്ലാ സ്‌നാപ്പ്ചാറ്റർമാരുമായും ഞങ്ങളുടെ ബിസിനസ്സ് പങ്കാളികളുമായും പൊതുജനങ്ങളുമായും പങ്കുവെച്ചേക്കാം:

    • നിങ്ങളുടെ പേര്, ഉപയോക്തൃനാമം, പ്രൊഫൈൽ ചിത്രങ്ങൾ, Bitmoji, Snapcode, പൊതു പ്രൊഫൈൽ എന്നിവ പോലുള്ള പൊതു വിവരങ്ങൾ.

    • നിങ്ങളുടെ ഹൈലൈറ്റുകൾ, ഇഷ്‌ടാനുസൃത സ്റ്റിക്കറുകൾ, ലെൻസുകൾ, സ്റ്റോറി സമർപ്പിക്കലുകൾ എന്നിവപോലുള്ള എല്ലാവർക്കുമുള്ള ഉള്ളടക്കം, എല്ലാവർക്കും കാണാനാകുന്ന വിധത്തിലുള്ള സ്‌പോട്ട്‌ലൈറ്റ്, Snap മാപ്പ്, മറ്റ് ക്രൗഡ് സോഴ്‌സ്ഡ് സേവനങ്ങൾ എന്നിവ പോലുള്ള ഒരു പൊതു സേവനത്തിലേക്ക് നിങ്ങൾ സമർപ്പിക്കുന്ന ഏത് ഉള്ളടക്കവും. തിരയൽ ഫലങ്ങൾ, വെബ്‌സൈറ്റുകളിൽ, ആപ്പുകളിൽ, ഓൺലൈൻ, ഓഫ്‌ലൈൻ പ്രക്ഷേപണങ്ങൾ എന്നിവയുൾപ്പെടെ ഞങ്ങളുടെ സേവനങ്ങളിൽ അല്ലാതെയും ഈ ഉള്ളടക്കം പൊതുജനങ്ങൾക്ക് കാണാനും പങ്കിടാനും കഴിയും.

  • മൂന്നാം കക്ഷികൾക്കൊപ്പം. ഇനിപ്പറയുന്ന മാർഗ്ഗങ്ങളിൽ ഞങ്ങൾ മൂന്നാം കക്ഷികളുമായി വിവരങ്ങൾ പങ്കിട്ടേക്കാം:

    • പരസ്യങ്ങളുടെ പ്രകടനം അളക്കുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നതിനും മൂന്നാം കക്ഷി വെബ്‌സൈറ്റുകളിലും ആപ്പുകളിലും ഉൾപ്പെടെ കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ വിതരണം ചെയ്യുന്നതുൾപ്പെടെ ഞങ്ങളുടെ താൽപ്പര്യാർത്ഥം സേവനങ്ങൾ നൽകുന്ന സേവന ദാതാക്കളുമായി ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടേക്കാം.

    • ഞങ്ങളുടെ സേവനങ്ങളിൽ സേവനങ്ങളും പ്രവർത്തനങ്ങളും നൽകുന്ന ബിസിനസ്സ് പങ്കാളികളുമായി ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടേക്കാം. ഞങ്ങളുടെ സേവനങ്ങളിൽ മൂന്നാം കക്ഷികൾ ശേഖരിച്ച വിവരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ പിന്തുണാ സൈറ്റ് സന്ദർശിക്കുക.

    • വഞ്ചന തടയാൻ ഞങ്ങളെയും മറ്റുള്ളവരെയും സഹായിക്കുന്നതിന് ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള ഉപകരണ, ഉപയോഗ വിവരങ്ങൾ പോലുള്ള വിവരങ്ങൾ പങ്കിട്ടേക്കാം.

    • നിയമ, സുരക്ഷ, സെക്യൂരിറ്റി കാരണങ്ങളാൽ ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടേക്കാം. വിവരങ്ങൾ വെളിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ ന്യായമായും വിശ്വസിക്കുന്നുവെങ്കിൽ ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചേക്കാം:

      • സാധുതയുള്ള നിയമ പ്രക്രിയയോ, സർക്കാർ അഭ്യർത്ഥനയോ, അല്ലെങ്കിൽ ബാധകമായ നിയമമോ, ചട്ടമോ, അല്ലെങ്കിൽ ശാസനമോ അനുസരിക്കാൻ.

      • സാധ്യതയുള്ള സേവന വ്യവസ്ഥകളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ ലംഘനങ്ങളും അന്വേഷിക്കുക, പ്രതിവിധി നൽകുക അല്ലെങ്കിൽ നടപ്പിലാക്കുക.

      • ഞങ്ങളുടെയോ, ഞങ്ങളുടെ ഉപയോക്താക്കളുടെയോ, മറ്റുള്ളവരുടെയോ അവകാശങ്ങളും, സ്വത്തുവകകളും, അല്ലെങ്കിൽ സുരക്ഷയും പരിരക്ഷിക്കാൻ.

      • ഏതെങ്കിലും വഞ്ചന അല്ലെങ്കിൽ സുരക്ഷാ ആശങ്കകൾ കണ്ടെത്തി പരിഹരിക്കാൻ.

    • ലയനം അല്ലെങ്കിൽ ഏറ്റെടുക്കലിന്റെ ഭാഗമായി ഞങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടേക്കാം. ലയനം, ആസ്തി വിൽപ്പന, ധനസഹായം, ലിക്വിഡേഷൻ അല്ലെങ്കിൽ പാപ്പരാവുക, അല്ലെങ്കിൽ ഞങ്ങളുടെ ബിസിനസ്സിന്റെ എല്ലാ ഭാഗങ്ങളും അല്ലെങ്കിൽ മറ്റൊരു ഭാഗം മറ്റൊരു കമ്പനി ഏറ്റെടുക്കൽ എന്നിവയിൽ Snap Inc. ഉൾപ്പെടുകയാണെങ്കിൽ, ഇടപാട് അവസാനിക്കുന്നതിന് മുമ്പും ശേഷവും ഞങ്ങൾ ആ കമ്പനിയുമായി നിങ്ങളുടെ വിവരങ്ങൾ പങ്കുവെച്ചേക്കാം.

  • വ്യക്തിപരമല്ലാത്ത വിവരം. സമാഹരിച്ച, വ്യക്തിപരമായി തിരിച്ചറിയാൻ കഴിയാത്ത, അല്ലെങ്കിൽ തിരിച്ചറിയാത്തതാക്കിയ വിവരങ്ങൾ ഉപയോഗിക്കുന്നതിന് അല്ലെങ്കിൽ ഞങ്ങൾക്ക് ബിസിനസ് ഉദ്ദേശ്യങ്ങൾ നിർവഹിക്കുന്നതിന് ഞങ്ങൾക്ക് സേവനങ്ങൾ നൽകുന്ന മൂന്നാം കക്ഷികളുമായി ഞങ്ങൾ പങ്കിട്ടേക്കാം.

മൂന്നാം കക്ഷി ഉള്ളടക്കവും സംയോജിപ്പിക്കലുകളും

ഞങ്ങളുടെ സേവനങ്ങളിൽ മൂന്നാം കക്ഷി ഉള്ളടക്കവും സംയോജനങ്ങളും അടങ്ങിയിട്ടുണ്ടാവാം. ലെൻസുകളിലെ മൂന്നാം കക്ഷി സംയോജനങ്ങൾ, സ്കാൻ ചെയ്ത ഫലങ്ങൾ നൽകുന്നതിനുള്ള ക്യാമറ എഡിറ്റിംഗ് ടൂളുകൾ, മൂന്നാം കക്ഷി ഡെവലപ്പർ സംയോജനങ്ങൾ എന്നിവ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. ഈ സംയോജനങ്ങളിലൂടെ, നിങ്ങൾ മൂന്നാം കക്ഷിക്കും Snap-നും വിവരങ്ങൾ നൽകുന്നുണ്ടാകാം. ആ മൂന്നാം കക്ഷികൾ നിങ്ങളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കുന്നു അല്ലെങ്കിൽ ഉപയോഗിക്കുന്നു എന്നതിന് ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല. എല്ലായ്പ്പോഴത്തെയും പോലെ, ഞങ്ങളുടെ സേവനങ്ങളിലൂടെ നിങ്ങൾ സംവദിക്കുന്ന മൂന്നാം കക്ഷികൾ ഉൾപ്പെടെ നിങ്ങൾ സന്ദർശിക്കുന്ന അല്ലെങ്കിൽ ഉപയോഗിക്കുന്ന, ഓരോ മൂന്നാം കക്ഷി സേവനത്തിന്റെയും സ്വകാര്യതാ നയങ്ങൾ അവലോകനം ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. Snapchat-ലെ മൂന്നാം കക്ഷി സേവനങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഇവിടെ നിന്ന് കൂടുതലറിയാം.

നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എത്രനാൾ നിലനിർത്തും

ഈ നിമിഷത്തിൽ‌ ജീവിക്കാൻ‌ താൽ‌പ്പര്യപ്പെടുന്നവ ഒപ്പിയെടുക്കാൻ Snapchat നിങ്ങളെ അനുവദിക്കുന്നു. ഞങ്ങളുടെ ഭാഗത്ത്, നിങ്ങളുടെ ഡിഫോൾട്ട് ക്രമീകരണങ്ങൾ മാറ്റുകയോ അല്ലെങ്കിൽ എന്തെങ്കിലും സംരക്ഷിക്കാൻ തീരുമാനിക്കുകയോ ചെയ്യാത്ത പക്ഷം, Snapchat-ൽ അയച്ച സ്നാപ്പുകൾ, ചാറ്റുകൾ പോലുള്ള മിക്കവാറും സന്ദേശങ്ങളും, അവ എല്ലാ സ്വീകർത്താക്കളും തുറക്കുകയോ കാലഹരണപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം ഞങ്ങളുടെ സെർവറുകളിൽ നിന്ന് സ്വയമേവ ഡിഫോൾട്ട് ആയി ഇല്ലാതാക്കപ്പെടും. സ്റ്റോറി പോസ്റ്റുകൾ പോലുള്ള മറ്റ് ഉള്ളടക്കം കൂടുതൽ നേരം സംഭരിച്ച് വെയ്ക്കുന്നു. വ്യത്യസ്ത തരം ഉള്ളടക്കങ്ങൾ ഞങ്ങൾ എത്ര സമയത്തേക്ക് സംഭരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്ക്, ഞങ്ങളുടെ പിന്തുണാ സൈറ്റ് പരിശോധിക്കുക.

ഞങ്ങൾ മറ്റ് വിവരങ്ങൾ കൂടുതൽ കാലത്തേക്ക് സംഭരിച്ച് വെയ്ക്കുന്നു. ഉദാഹരണമായി:

  • നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ പോലുള്ള നിങ്ങളുടെ അടിസ്ഥാന അക്കൗണ്ട് വിവരങ്ങളും സുഹൃത്തുക്കളുടെ ലിസ്റ്റ് ഇല്ലാതാക്കാൻ നിങ്ങൾ ആവശ്യപ്പെടുന്നതുവരെ ഞങ്ങൾ സംഭരിച്ച് വെയ്ക്കുന്നു.

  • ലൊക്കേഷൻ വിവരങ്ങൾ എത്രത്തോളം കൃത്യമാണെന്നും ഏത് സേവനങ്ങളാണ് ഉപയോഗിക്കുന്നതെന്നും അടിസ്ഥാനമാക്കി വ്യത്യസ്ത സമയത്തേക്ക് ഞങ്ങൾ സംഭരിച്ചു വെയ്ക്കുന്നു. ലൊക്കേഷൻ വിവരങ്ങൾ ഒരു സ്നാപ്പുമായി ബന്ധപ്പെട്ടതാണെങ്കിൽ - മെമ്മറീസിൽ സംരക്ഷിച്ചതോ Snap മാപ്പിൽ പോസ്റ്റ് ചെയ്തതോ പോലുള്ളവ - ഞങ്ങൾ Snap സ്റ്റോർ ചെയ്യുന്നിടത്തോളം കാലം ആ ലൊക്കേഷൻ നിലനിർത്തും. പ്രോ ടിപ്പ്: നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്ത് നിങ്ങളെക്കുറിച്ച് ഞങ്ങൾ സൂക്ഷിക്കുന്ന ലൊക്കേഷൻ ഡാറ്റ നിങ്ങൾക്ക് കാണാൻ കഴിയും.

നിങ്ങൾ എപ്പോഴെങ്കിലും Snapchat ഉപയോഗിക്കുന്നത് നിർത്താൻ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടാൽ മതി. നിങ്ങൾ കുറച്ചുകാലം നിഷ്‌ക്രിയമായിരുന്നതിന് ശേഷം നിങ്ങളെക്കുറിച്ച് ഞങ്ങൾ ശേഖരിച്ച മിക്കവാറും വിവരങ്ങളും ഞങ്ങൾ ഇല്ലാതാക്കും!

ഞങ്ങളുടെ സിസ്റ്റങ്ങൾ‌ ഞങ്ങളുടെ ഇല്ലാതാക്കൽ‌ രീതികൾ‌ ഓട്ടോമാറ്റിക്കായി നടപ്പിലാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുമ്പോൾ‌, ഒരു നിർ‌ദ്ദിഷ്‌ട സമയപരിധിക്കുള്ളിൽ‌ ഇല്ലാതാക്കൽ‌ സംഭവിക്കുമെന്ന് ഞങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ‌ കഴിയില്ല എന്ന കാര്യം ഓർമ്മിക്കുക. നിങ്ങളുടെ ഡാറ്റ സംഭരിക്കുന്നതിന് നിയമപരമായ ആവശ്യകതകൾ ഉണ്ടായേക്കാം, ഉള്ളടക്കം പരിരക്ഷിക്കാൻ ആവശ്യപ്പെടുന്ന സാധുവായ നിയമ പ്രക്രിയ ഞങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, ദുരുപയോഗത്തിന്റെയോ മറ്റ് സേവന വ്യവസ്ഥകളുടെ ലംഘനങ്ങളുടെയോ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട്, നിങ്ങൾ സൃഷ്ടിച്ച ഉള്ളടക്കം അല്ലെങ്കിൽ മറ്റ് ഉപയോക്താക്കളുമായി സൃഷ്ടിച്ച ഉള്ളടക്കം മറ്റുള്ളവർ അല്ലെങ്കിൽ മറ്റ് സേവന വ്യവസ്ഥകള്‍ ലംഘനങ്ങൾക്കായി മറ്റുള്ളവരോ ഞങ്ങളുടെ സിസ്റ്റങ്ങളോ ഫ്ലാഗ് ചെയ്തിട്ടുണ്ടെങ്കിൽ, ആ ഇല്ലാതാക്കൽ സമ്പ്രദായങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നേക്കാം. അന്തിമമായി, ഒരു പരിമിതമായ സമയത്തേക്ക് അല്ലെങ്കിൽ നിയമപ്രകാരം ആവശ്യപ്പെടുന്ന ചില വിവരങ്ങൾ ഞങ്ങൾ ബാക്കപ്പിൽ സൂക്ഷിച്ചേക്കാം.

നിങ്ങളുടെ വിവരങ്ങളുടെ മേൽ നിയന്ത്രണം

നിങ്ങളുടെ വിവരങ്ങളുടെ മേൽ നിങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ ഇനിപ്പറയുന്ന ഉപകരണങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു.

  • ആക്സസ്, തിരുത്തൽ, പോർട്ടബിലിറ്റി. നിങ്ങളുടെ മിക്ക അടിസ്ഥാന അക്കൗണ്ട് വിവരങ്ങളും ഞങ്ങളുടെ ആപ്പുകളിൽ തന്നെ ആക്‌സസ് ചെയ്യാനും എഡിറ്റ് ചെയ്യാനുമാകും. ഒരു പോർട്ടബിൾ ഫോർമാറ്റിൽ ഞങ്ങളുടെ ആപ്പുകളിൽ ലഭ്യമല്ലാത്ത വിവരങ്ങൾ പകർത്തുന്നതിന് നിങ്ങൾക്ക് 'എന്റെ ഡാറ്റ ഡൗൺലോഡ് ചെയ്യുക' എന്നത് ഉപയോഗിക്കാം, അതിനാൽ നിങ്ങൾക്ക് അത് നീക്കം ചെയ്യാനോ നിങ്ങൾ ആഗ്രഹിക്കുന്നിടത്ത് സ്റ്റോർ ചെയ്യാനോ കഴിയും. നിങ്ങളുടെ സ്വകാര്യത ഞങ്ങൾക്ക് പ്രധാനമായതിനാൽ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ആക്സസ് ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ അനുവദിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പാക്കാനോ കൂടുതൽ വിവരങ്ങൾ നൽകാനോ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടും. പല കാരണങ്ങളാൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ആക്സസ് ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ ഉള്ള നിങ്ങളുടെ അഭ്യർത്ഥനയും ഞങ്ങൾ നിരസിച്ചേക്കാം, ഉദാഹരണത്തിന്, അഭ്യർത്ഥന മറ്റ് ഉപയോക്താക്കളുടെ സ്വകാര്യത അപകടത്തിലാക്കുകയോ നിയമവിരുദ്ധമോ ആണെങ്കിൽ.

  • അനുമതികൾ റദ്ദാക്കുന്നു. മിക്ക കേസുകളിലും, നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാൻ ഞങ്ങളെ അനുവദിക്കുകയാണെങ്കിൽ, ആപ്പിലെയോ നിങ്ങളുടെ ഉപകരണം ആ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ ഉപകരണത്തിലെയോ ക്രമീകരണം മാറ്റിക്കൊണ്ട് നിങ്ങളുടെ അനുമതി പിൻവലിച്ചാൽ മതി. തീർച്ചയായും, നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, ചില സേവനങ്ങളുടെ പ്രവർത്തനക്ഷമത പൂർണ്ണമായി നഷ്ടപ്പെട്ടേക്കാം. SMS അല്ലെങ്കിൽ മറ്റ് സന്ദേശമയയ്ക്കൽ പ്ലാറ്റ്‌ഫോമുകൾ വഴി അയയ്ക്കുന്ന പ്രമോഷണൽ ഇമെയിലുകളും സന്ദേശങ്ങളും, അൺസബ്സ്ക്രൈബ് ലിങ്കിലോ നൽകിയിരിക്കുന്ന സമാനമായ സംവിധാനത്തിലോ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ഒഴിവാക്കാവുന്നതാണ്.

  • ഇല്ലാതാക്കൽ. നിങ്ങൾ ഒരു ആജീവനാന്ത സ്നാപ്പ്ചാറ്റർ ആയി തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുമ്പോൾത്തന്നെ, ചില കാരണങ്ങളാൽ എപ്പോഴെങ്കിലും നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എങ്ങനെയെന്ന് അറിയാൻ ഇവിടെ പോയാൽ മതി. കൂടാതെ, നിങ്ങൾ മെമ്മറീസിൽ സംരക്ഷിച്ച ഫോട്ടോകൾ, My AI-യുമായുള്ള സംഭാഷണങ്ങൾ, സ്പോട്ട്‌ലൈറ്റ് സമർപ്പിക്കലുകൾ, തിരയൽ ചരിത്രം എന്നിവ പോലുള്ള ചില വിവരങ്ങളും ആപ്പിൽ നിന്ന് നിങ്ങൾക്ക് ഇല്ലാതാക്കാം.

  • പരസ്യം ചെയ്യലിലെ മുൻഗണനകൾ. നിങ്ങളുടെ താൽപ്പര്യങ്ങളുമായി യോജിക്കുമെന്ന് ഞങ്ങൾ കരുതുന്ന പരസ്യങ്ങൾ നിങ്ങളെ കാണിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഈ പരസ്യങ്ങൾ തിരഞ്ഞെടുക്കുന്നതിന് ഞങ്ങളും ഞങ്ങളുടെ പരസ്യം ചെയ്യൽ പങ്കാളികളും ഉപയോഗിക്കുന്ന വിവരങ്ങൾ പരിഷ്കരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആപ്പിലൂടെയും നിങ്ങളുടെ ഉപകരണ മുൻഗണനകളിലൂടെയും നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും. കുടുതൽ അറിയാൻ ഇവിടെ പോകുക.

  • ട്രാക്കിംഗ്. iOS 14.5 അല്ലെങ്കിൽ ഏറ്റവും പുതിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന ഉപയോക്താക്കൾക്ക്, ചില നിർദ്ദിഷ്ട നിബന്ധനകൾ ബാധകമാണ്. ഞങ്ങൾ അവ ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്.

  • മറ്റ് സ്നാപ്പ്ചാറ്റർമാരുമായി ആശയവിനിമയം നടത്തുന്നു. നിങ്ങൾ ആശയവിനിമയം നടത്തുന്നവരുടെ കാര്യത്തിൽ നിങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കേണ്ടത് ഞങ്ങൾക്ക് പ്രധാനമാണ്. അതുകൊണ്ടാണ് പിൻവരുന്ന കാര്യങ്ങൾ സൂചിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്ന നിരവധി ടൂളുകൾ ഞങ്ങൾ ക്രമീകരണത്തിൽ നിർമ്മിച്ചിരിക്കുന്നത്, അവയിൽ മറ്റ് സംഗതികളോടൊപ്പം, നിങ്ങളുടെ സ്‌റ്റോറികൾ ആരൊക്കെ കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്, നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്ന് മാത്രമാണോ അല്ലെങ്കിൽ സുഹൃത്തുക്കളിൽ അഥവാ കോൺടാക്‌റ്റുകളിൽ നിന്നാണോ അതുമല്ലെങ്കിൽ എല്ലാ സ്‌നാപ്‌ചാറ്റർമാരിൽ നിന്നാണോ Snap-കൾ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്, നിങ്ങളെ വീണ്ടും ബന്ധപ്പെടുന്നതിൽ നിന്ന് മറ്റൊരു സ്‌നാപ്‌ചാറ്ററിനെ തടയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നിവ ഉൾപ്പെടുന്നു. കുടുതൽ അറിയാൻ ഇവിടെ പോകുക.

അന്താരാഷ്ട്ര ഡാറ്റ കൈമാറ്റങ്ങൾ

ഞങ്ങൾ‌ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ‌ ശേഖരിക്കുകയും, കൈമാറ്റം ചെയ്യുകയും, യുണൈറ്റഡ് സ്റ്റേറ്റ്സിലും നിങ്ങൾ‌ താമസിക്കുന്ന സ്ഥലത്തിന് പുറത്തുള്ള മറ്റ് രാജ്യങ്ങളിലും സംഭരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്തേക്കാം. നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് പുറത്ത് ഞങ്ങൾ വിവരങ്ങൾ പങ്കിടുമ്പോഴെല്ലാം, ഞങ്ങൾക്ക് നിയമപരമായി അങ്ങനെ ചെയ്യേണ്ടിവരുമ്പോൾ, മതിയായ കൈമാറ്റ സംവിധാനം നിലവിലുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. ഞങ്ങൾ വിവരങ്ങൾ പങ്കിടുന്ന ഏതെങ്കിലും മൂന്നാം കക്ഷികൾക്ക് മതിയായ കൈമാറ്റ സംവിധാനം ഉണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. ഞങ്ങൾ വിവരങ്ങൾ പങ്കിടുന്ന മൂന്നാം കക്ഷികളുടെ വിഭാഗങ്ങളെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ഇവിടെ കണ്ടെത്താനാകും.

സംസ്ഥാനവും പ്രദേശവും സംബന്ധിച്ച നിർദ്ദിഷ്ട വിവരങ്ങൾ

നിങ്ങളുടെ സംസ്ഥാനത്തോ പ്രദേശത്തോ നിങ്ങൾക്ക് പ്രത്യേക സ്വകാര്യതാ അവകാശങ്ങൾ ഉണ്ടായിരിക്കാം. ഉദാഹരണമായി യുണൈറ്റഡ് സ്റ്റേറ്റ്സിൽ, കാലിഫോർണിയയിലും മറ്റ് സംസ്ഥാനങ്ങളിലും താമസിക്കുന്നവർക്ക് പ്രത്യേക സ്വകാര്യതാ അവകാശങ്ങളുണ്ട്. യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA), യുകെ, ബ്രസീൽ, റിപ്പബ്ലിക് ഓഫ് കൊറിയ, മറ്റ് അധികാരപരിധികൾ എന്നിവയിലെ സ്നാപ്പ്ചാറ്റർമാർക്കും പ്രത്യേക അവകാശങ്ങളുണ്ട്. സംസ്ഥാന, പ്രദേശ നിർദ്ദിഷ്ടമായവെളിപ്പെടുത്തലുകളുടെ കാലികമായ അവലോകനം ഞങ്ങൾ ഇവിടെസൂക്ഷിക്കുന്നു.

ഞങ്ങളുടെ പ്രേക്ഷകർ

ഞങ്ങളുടെ സേവനങ്ങൾ 13 വയസ്സിന് താഴെയുള്ളവരെ ഉദ്ദേശിച്ചുള്ളതല്ല, ഞങ്ങൾ അവരെ വഴി കാട്ടുകയുമില്ല. അതുകൊണ്ടാണ് 13 വയസ്സിന് താഴെയുള്ള ആരിൽ നിന്നും ഞങ്ങൾ വ്യക്തിഗത വിവരങ്ങൾ ബോധപൂർവ്വം ശേഖരിക്കാത്തത്. കൂടാതെ, 18-ന് താഴെ പ്രായമുള്ള ഉപയോക്താക്കളുടെ ചില വിവരങ്ങൾ ശേഖരിക്കുന്നതും സ്റ്റോർ ചെയ്യുന്നതും ഉപയോഗിക്കുന്നതും ഞങ്ങൾ പരിമിതപ്പെടുത്തിയേക്കാം. ചില സന്ദർഭങ്ങളിൽ, ഈ ഉപയോക്താക്കൾക്ക് ചില പ്രവർത്തനങ്ങളെക്കുറിച്ച് വിവരം നൽകാൻ ഞങ്ങൾക്ക് കഴിയില്ലെന്നാണ് ഇതിനർത്ഥം.

സ്വകാര്യതാ നയത്തിലെ അപ്ഡേറ്റുകൾ

ഞങ്ങൾ സമയാസമയങ്ങളിൽ ഈ സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തിയേക്കാം. ഞങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, ഞങ്ങൾ നിങ്ങളെ ഒരു വഴിയോ മറ്റൊന്നോ അറിയിക്കും. ചില സമയത്ത്, ഞങ്ങളുടെ വെബ്‌സൈറ്റിലും മൊബൈൽ അപ്ലിക്കേഷനിലും ലഭ്യമായ സ്വകാര്യതാ നയത്തിന്റെ മുകളിലുള്ള തീയതി പരിഷ്‌ക്കരിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളെ അറിയിക്കും. മറ്റ് സമയങ്ങളിൽ, ഞങ്ങൾ നിങ്ങൾക്ക് അധികമായുള്ള അറിയിപ്പ് നൽകിയേക്കാം (ഞങ്ങളുടെ വെബ്‌സൈറ്റുകളുടെ ഹോംപേജുകളിൽ ഒരു പ്രസ്താവന ചേർക്കുന്നത് അല്ലെങ്കിൽ ആപ്പിൽ നിങ്ങൾക്ക് അറിയിപ്പ് നൽകുന്നത് പോലുള്ളവ).